പെരുനാട്: കാലം ചെയ്ത അലക്‌സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ‘ധര്‍മ്മ യോഗിയെന്ന്’ അറിയപ്പെടുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. പെരുനാട് ബഥനി ആശ്രമത്തിലെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ഭാഗമായി നടന്ന പൊതുസമ്മേളനവും ആശ്രമസ്ഥാപകന്‍ അലക്‌സിയോസ് മാര്‍ തേവോദോസിയോസിന്റെ ചരമ സുവര്‍ണ ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതമായ സാഹചര്യത്തിലൂടെ ബഥനി ആശ്രമത്തെ മുന്‍ പന്തിയിലെത്തിക്കാന്‍ ആത്മീയാചാര്യനായ അലക്‌സിയോസ് മാര്‍ തേവോദോസിയോസിന് കഴിഞ്ഞതായി കാതോലിക്കാ ബാവ പറഞ്ഞു. സ്വന്തം ലാഭം നോക്കാതെ സമൂഹത്തിന്വേണ്ടി പ്രവര്‍ത്തിക്കുകയാണ് യഥാര്‍ത്ഥ ഈശ്വരപൂജയെന്നും ബാവ പറഞ്ഞു. ഈ വര്‍ഷത്തെ മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തകയായ ഉമാ പ്രേമന് കാതോലിക്കാ ബാവ നല്‍കി. കുറിയാക്കോസ് മാര്‍ ക്ലൂമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. ഫാ. റെജി മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, മാത്യൂസ് മാര്‍ തിേമാത്തിയോസ്, രാജു ഏബ്രഹാം എം.എല്‍.എ. ആശ്രമം സുപ്പീരിയര്‍ ഫാ. മത്തായി, ജനറല്‍ കണ്‍വീനര്‍ ഫാ. ഏബ്രഹാം മത്തായി എന്നിവര്‍ പ്രസംഗിച്ചു. ഉമാ പ്രേമന്‍ മറുപടി പ്രസംഗം നടത്തി. സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ വ്യാഴാഴ്ച സമാപിക്കും. ഇന്ന് രാവിലെ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു.