റാന്നി: സുപ്രീം കോടതിവിധി സ്ഥിരതയുളള സമാധാന ഉടമ്പടി ആണെന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനപ്പിരിവ് ശേഖരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ തിരുമേനി. സമാധാനമെന്ന ആവരണമല്ല ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങളാണ് കരണീയം. സഭയാകുന്ന കുടുംബത്തിലെ കാര്യനിര്‍വ്വഹണത്തിന് വേണ്ടി പിതാക്കന്മാര്‍ ആലോചിച്ച് ക്രമീകരിച്ചതാണ് 1934-ലെ ഭരണഘടന. ഭരണഘടനപ്രകാരമുളള സമാധാന ഉടമ്പടികള്‍ മാത്രമേ ഫലപ്രദമാകൂ, അവയ്ക്ക് മാത്രമേ നിലനില്‍പ്പുണ്ടാകൂ. എല്ലാ അംഗങ്ങളും പരിശുദ്ധ സഭയുടെ ഉടമസ്ഥരാണ്. സഭ സത്യത്തിന്‍റെയും ധാര്‍മ്മികതയുടെയും കൂടെയാണ് നിലനില്‍ക്കുന്നത്. തെറ്റിദ്ധാരണജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സമാധാനത്തിന് വിഘാതമാകും. ദൈവത്തിന്‍റെ ഇടപെടലാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.റ്റി.കെ.തോമസ്, റവ.ഫാ.സൈമണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭദ്രാസനത്തിലെ വൈദികര്‍, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.