FLASHNEWS
PARISH NEWS
സമർപ്പണം -23

ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ജൂബിലി പദ്ധതി കൈമാറ്റവും തണൽ ജീവകാരുണ്യ പദ്ധതികളുടെ സമാപനവും മാർ തേവോദോസ്യോസ്‌ പുരസ്കാര ദാനവും സംയുക്തമായി സംഘടിപ്പിച്ച സമർപ്പണം-23 പ്രൗഢവും വർണ്ണാഭവുമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ക്രിസ്ത്യൻ പരമ്പരാഗത വേഷവിധാനങ്ങളും, മുത്തുക്കുടകളും, സഭാ ചിഹ്നങ്ങളും, ഫ്ളോട്ടുകളുമടക്കം അണിനിരന്ന ഘോഷയാത്രയോടെ വിശിഷ്ഠാതിഥികളെ സമ്മേളന നഗരിയായ സെന്റ്‌. തോമസ്‌ ചർച്ചിലേക്ക്‌ സ്വീകരിച്ചു. തുടർന്ന്‌ നടന്ന പൊതുസമ്മേളനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത്‌ നരംഗ്‌ ഉദ്ഘാടനം ചെയ്തു. സഭയുടെ മുംബൈ ഭദ്രാസനാധിപനും ഇടവകയുടെ മുൻ മെത്രാപ്പോലീത്തായുമായ അഭി. ഗീവർഗീസ്‌ മാർ കൂറിലോസ്‌ തിരുമേനി അധ്യക്ഷത വഹിച്ചു. അൻപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ മലങ്കര സഭയ്ക്ക്‌ ആരാധനാ സ്വാതന്ത്ര്യവും പിന്നീട്‌ ദേവാലയം നിർമ്മിക്കുവാനും അനുമതി നൽകിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്‌ ബിൻ സൈദിന്റെ ദീപ്തസ്മരണകൾക്കും എല്ലാ പിന്തുണയും സഹായവും നൽകുന്ന ഇപ്പോഴത്തെ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനും ആദരവ്‌ സമർപ്പിക്കുന്നതായി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹ പ്രഭാഷണവും ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. ഗീവർഗീസ്‌ മാർ തേയോഫിലോസ്‌ തിരുമേനിയുടെ സന്ദേശവും ചടങ്ങിൽ സംപ്രേഷണം ചെയ്തു. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ വിശിഷ്ടാഥിതിയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രമുഖ മനുഷ്യാവകാശ സാമൂഹിക പ്രവർത്തക ദയാ ബായിക്ക്‌ മാർ തേവൊദോസ്യോസ്‌ തണൽ പുരസ്കാരം സമ്മാനിച്ചു. സുവർണ്ണ ജൂബിലി പദ്ധതികളുടേയും പരിപാടികളുടേയും വിവരണം ജനറൽ കൺവീനർ ഏബ്രഹാം മാത്യു നിർവ്വഹിച്ചു. സ്ഥാപക അംഗങ്ങളെ ആദരിക്കൽ, സുവർണ്ണ ജൂബിലി സുവനീർ പ്രകാശനം, ഡോക്യുമെന്ററി സ്വിച്ച്‌ ഓൺ കർമ്മം എന്നിവയും നടത്തി. സുവർണ്ണ ജൂബിലി സ്മരണികയായി പുറത്തിറക്കിയ ഘടികാരം വിശിഷ്ഠാതിഥികൾക്ക്‌ സമ്മാനിച്ചു.

ചടങ്ങിൽ ഇടവക വികാരി ഫാ. വർഗീസ്‌ റ്റിജു ഐപ്പ്‌ സ്വാഗതവും, സഹ വികാരി ഫാ. എബി ചാക്കോ പ്രാരംഭ പ്രാർഥനയും, സെക്രട്ടറി ബിജു പരുമല നന്ദിയും അർപ്പിച്ചു. ട്രസ്റ്റി ജാബ്സൺ വർഗീസ്‌, കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു. പൊതുസമ്മേളനത്തിന്‌ ശേഷം പിന്നണി ഗായകൻ ലിബിൻ സ്കറിയയും സംഘവും അവതരിപ്പിച്ച ക്രിസ്തീയ ഭക്തി ഗാനസന്ധ്യയും അരങ്ങേറി. ഇടവക ഭരണ സമിതി, സുവർണ്ണ ജൂബിലി സമിതി ആധ്യാത്മിക സംഘടനകൾ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7