മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ അരങ്ങേറി. കേരളത്തിന്റെ തനത് പൈതൃകവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു
സെപ്റ്റംബർ 16-ന് വാദീകബീര്‍ മസ്കറ്റ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷം.
താലപ്പൊലിയേന്തിയ വനിതകള്‍ പരമ്പരാഗത ശൈലിയില്‍ മഹാബലിയെ ആനയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
മഹാ ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സഹവികാരി ഫാ. എബി ചാക്കോ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. യുവജന പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബിപിൻ ബി. വർഗീസ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് നാടന്‍പാട്ട് കലാകാരനും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനുമായ ശ്രീ. അതുല്‍ നറുകര പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കടുവ എന്ന ചിത്രത്തിലെ തന്റെ ഒറ്റ ഗാനം കൊണ്ട് മലയാള സിനിമാഗാന രംഗത്ത് വിസ്മയം തീര്‍ത്ത അദ്ദേഹത്തിന്‍റെ നാടൻ പാട്ടുകളും, ചലച്ചിത്ര ഗാനങ്ങളും അക്ഷരാർത്ഥത്തിൽ സദസ്സിനെ ഒന്നടങ്കം ആഹ്ലാദ തിമിർപ്പിലാക്കി.
കവിയും, സംവിധായകനും, ഗാന രചയിതാവുമായ ശ്രീ. കെ.ആർ. പി. വള്ളികുന്നം ഓണസന്ദേശം നൽകി. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാന്‍, ശ്രീ. ഏബ്രഹാം മാത്യു, മഹാ ഇടവക സെക്രട്ടറി ശ്രീ. ബിജു പരുമല എന്നിവര്‍ ആശംസകൾ നേര്‍ന്നു. ട്രസ്റ്റി. ശ്രീ. ജാബ്‌സൺ വർഗീസ്, കോ. ട്രസ്റ്റി. ശ്രീ. ബിനു കുഞ്ചാറ്റിൽ, യുവജന പ്രസ്ഥാനം വൈസ്. പ്രസിഡന്റ്. ശ്രീ. ഷിജു കെ. ഫിലിപ്പ്, ട്രസ്റ്റി. ശ്രീ. ജെസ്റ്റിൻ സാമുവേൽ, ഓണാഘോഷ പരിപാടികളുടെ കൺവീനർ ശ്രീ. നെബി തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് ഇടവകയിലെ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സീനിയർ ക്വയർ അംഗങ്ങളുടെ തിരുവാതിര, വനിതാ സമാജം അംഗങ്ങളുടെ നൃത്തം, യുവജന പ്രസ്ഥാന അംഗങ്ങളുടെ സിനിമാറ്റിക് കോൽക്കളി, സണ്ടേസ്കൂൾ കുട്ടികളുടെ നൃത്താവിഷ്ക്കാരങ്ങള്‍ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. ഒപ്പം മറ്റു കലാ പരിപാടികളും ഓണാഘോഷത്തിന് നിറപ്പകിട്ടേകുന്നതായിരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വടംവലിയുൾപ്പടെയുള്ള കായിക മത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ശ്രീ. ബിജു ജോണ്‍, ശ്രീമതി. മന്ന മെർലിൻ എന്നിവരായിരുന്നു അവതാരകർ.
പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും കൺവീനർ ശ്രീ. ബെൻസൺ സ്കറിയ നന്ദി പ്രകാശിപ്പിച്ചു. ശ്രീ. നെബി തോമസ്, ശ്രീ. ജിജോ കെ. ഉമ്മൻ എന്നിവരും കൺവീനര്‍മാരായി പ്രവര്‍ത്തിച്ചു.