മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനംചെയ്യുന്നു.
മസ്കത്ത്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. റുവി അല്‍ മാസ്സാ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ വിത്സൺ വി. ജോർജ് മുഖ്യാതിഥി ആയിരുന്നു.
കേരളത്തിന്‍റെ ദേശീയ ഉത്സവമായ ഓണം ഇന്ന്‍ കടല്‍ കടന്ന്‍ മലയാളികള്‍ ഉള്ള രാജ്യങ്ങളിലെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ നാടിന്‍റെ തനത് സംസ്കാരവും കലാരൂപങ്ങളും പാരമ്പര്യങ്ങളും മറ്റുള്ളവര്‍ക്ക് കൂടി മനസ്സിലാക്കുന്നതിനുള്ള അവസരമായി മാറുന്നു. നന്മയുടെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും നല്ല നാളുകളെ അനുസ്മരിക്കുമ്പോൾ വർത്തമാന കാലഘട്ടത്തിൽ ഇവ അന്യമാകുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് ആഘോഷങ്ങളിലൂടെ ഉണ്ടാകേണ്ടതെന്നും ഓണ സന്ദേശത്തിൽ വിത്സൺ വി. ജോർജ് പറഞ്ഞു.
ഇടവക വികാരി ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്, ഇടവക സെക്രട്ടറി ബെൻസൺ സ്കറിയ, ഭദ്രാസന കൗൺസിൽ അംഗം മാമ്മൻ ജോർജ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിരകളി, പുലിക്കളി, വള്ളപ്പാട്ട്, സംഘ നൃത്തം, നാടന്‍ പാട്ട് എന്നിവയും വിഭവ സമൃദ്ധമായ ഓണ സദ്യയും നടത്തി.
പരിപാടികള്‍ക്ക് കൺവീനർ സാബു തോമസും യുവജന പ്രസ്ഥാനം ഭാരവാഹികളും നേതൃത്വം നല്‍കി.