FLASHNEWS
PARISH NEWS
സ്വർഗ്ഗീയ നാദ തന്ത്രികളുണർത്തി ‘വോയ്സ് ഓഫ് ഹെവൻ’ സീസണ്‍ – 2 സംഗീത മത്സരം.

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച വോയ്സ് ഓഫ് ഹെവൻ സീസണ്‍-2 സംഗീത പരിപാടിയുടെ ഉദ്ഘാടനം ഫാ. ജേക്കബ് മാത്യു നിർവ്വഹിക്കുന്നു.

മസ്കറ്റ്: “സങ്കീർത്തനങ്ങളാലും കിന്നരങ്ങളാലും സ്വർഗീയ നാദങ്ങളാലും മാലാഖവൃന്ദങ്ങൾ ദൈവത്തെ പാടി സ്തുതിക്കുന്നു” ഇതിനെ അക്ഷരാർത്ഥത്തിൽ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം റുവി സെന്റ്‌. തോമസ്‌ പള്ളിയിൽ നടന്ന ‘വോയ്സ് ഓഫ് ഹെവൻ’ എന്ന സംഗീത പരിപാടി. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഒമാനിലെ എക്യുമെനിക്കൽ സഭകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ‘വോയ്സ് ഓഫ് ഹെവൻ’ ക്രിസ്തീയ സംഗീത മത്സരമാണ് ഇതിന് വേദിയായത്. ക്രിസ്തീയ ഭക്തി ഗാനശാഖയിലെ കേട്ട് പതിഞ്ഞ പഴയ ഗാനങ്ങളും പുതിയ ഗാനങ്ങളും തുടർച്ചയായി നാല് മണിക്കൂർ സമയം മത്സരാർത്ഥികളുടെ നാവിൻ തുമ്പിലൂടെ ഒഴുകിയെത്തിയപ്പോൾ ആസ്വാദക മനസ്സിൽ ശ്രേഷ്ടമായ ആരാധനയുടെ അലകളുയർന്നു. സംഗീതം ആരാധനയാണ്, അർച്ചനയാണ്, മനസ്സിനെ ആർദ്രമാക്കുന്നതാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നയായിരുന്നു പരിപാടികൾ.

ഇത് തുടർച്ചയായി രണ്ടാം വർഷമാണ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ആറ് ഇടവകളിൽ നിന്നായി സോളോ, ഡ്യുയറ്റ്, സമൂഹ ഗാനം എന്നീ വിഭാഗങ്ങളിലായി ഏഴ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഒന്നും, മൂന്നും സ്ഥാനവും റുവി സെന്റ്‌സ് . പീറ്റർ & പോൾ കാത്തലിക് ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടികളുടെ ഭാഗമായി സംഗീത സദസ്സും പൊതുസമ്മേളനവും നടത്തി. റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ നടന്ന പരിപാടികൾ ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്‌, മാർ ഫിലൊക്സ് മിഷൻ ടീം അംഗങ്ങളായ ഫാ. മത്തായി കുന്നേൽ, ഫാ. ഷിബു വർഗീസ്‌, ഫാ. മത്തായി സഖറിയ, മുസാന്ദം എക്സ്ചേഞ്ച് ജനറൽ മാനേജർ പി. എസ്. സഖറിയ, ഇടവക ട്രസ്റ്റി ജോണ്‍ തോമസ്‌, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് മാത്യു. പി. തോമസ്‌ എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് സഭയുടെ സംഗീത വിഭാഗമായ ശ്രുതി ലിറ്റർജിക്കൽ മ്യൂസിക് സെന്റർ ഗാന പരിശീലകനും മാർ ഫിലോക്സ് മിഷൻ അംഗവുമായ ഫാ. തോമസ്‌ പി. നൈനാൻ, ഒമാനിലെ പ്രശസ്ത സംഗീത അധ്യാപകരായ ശിവപ്രസാദ്, സ്വപ്ന നായർ എന്നിവർ മത്സരം നിയന്ത്രിച്ചു. സുനി മാത്യു, ബിജു മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇടവകയുടെ ലൈവ് സ്ട്രീമിംഗ് ചാനലായ ഗൾഫ് ഓർത്തഡോക്സ് ടി. വി. യിലൂടെ പരിപാടികളുടെ തത്സമയ സംപ്രേഷണവും നടത്തിയിരുന്നു. ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ മുസാന്ദം എക്സ്ചേഞ്ച് ആയിരുന്നു പരിപാടിയുടെ പ്രധാന പ്രായോജകർ.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7