FLASHNEWS
PARISH NEWS
രുചി വൈവിധ്യങ്ങളും കലാ സന്ധ്യയും സമന്വയിച്ച ഫുഡ് "ഫിയസ്റ്റ-2019"

മസ്കറ്റ് : രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കിയും, സംഗീതവും നൃത്തവും ഹാസ്യ പരിപാടികളും സമന്വയിച്ച കലാപരിപാടികളും സമ്മേളിച്ച മസ്കറ്റ് മഹാ ഇടവകയുടെ ഈ വർഷത്തെ ഭക്ഷ്യമേള "ഫുഡ് ഫിയസ്റ്റ - 2019" അക്ഷരാർത്ഥത്തിൽ രുചിഭേദങ്ങളുടെയും കലാസ്വാദനത്തിന്റെയും ആഘോഷരാവായി. കേരളത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളും നോർത്ത് ഇന്ത്യൻ, അറബിക്, കോണ്ടിനെന്റൽ വിഭവങ്ങൾക്കുമായി പതിനഞ്ചോളം സ്റ്റാളുകളാണ് ഒരുക്കിയത്. മലബാറിന്റെയും തെക്കൻ കേരളത്തിന്റെയും രുചിപ്പെരുമ വിളിച്ചോതുന്നതായിരുന്നു മിക്ക വിഭവങ്ങളും. തനി നാടൻ രുചിക്കൂട്ടുകളുമായി ഇടവകയിലെ യുവജനപ്രസ്ഥാനം ഒരുക്കിയ തട്ടുകടയും, പിടി-കോഴിക്കറി, പുഴുക്ക്, വിവിധ തരത്തിലുള്ള പായസം, ഗ്രിൽഡ് ചിക്കൻ, ബാർബിക്യൂ, കൂടാതെ വൈവിധ്യമാർന്ന മത്സ്യ - മാംസാഹാരങ്ങൾ, അച്ചാറുകൾ എന്നിവക്കായി പ്രത്യേകം കൗണ്ടറുകളും കുട്ടികൾക്കായി ഗെയിം സ്റ്റാളും സജ്ജീകരിച്ചിരുന്നു.

പ്രശസ്ത ടിവി അവതാരകനും മിമിക്രി കലാകാരനുമായ പ്രശാന്ത് കാഞ്ഞിരമറ്റം അവതരിപ്പിച്ച ഹാസ്യ കലാപരിപാടികളും ഗാനങ്ങളും ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഗിന്നസ് വേൾഡ് റിക്കോഡിനർഹനായ എം. എസ് വിശ്വനാഥ് പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി തന്റെ മാന്ത്രിക വിരലുകൾകൊണ്ട് വയലിനിൽ തീർത്ത സംഗീതം അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്. കൂടാതെ ഇടവകയിലെ കലാകാരന്മാർ ഒരുക്കിയ സ്കിറ്റ്, സിനിമാറ്റിക് ഡാൻസ്, ഹാസ്യ കഥാപ്രസംഗം, ഗാനമേള എന്നിവയും ഭക്ഷ്യമേളക്ക് കൊഴുപ്പേകി.

റൂവി ചർച്ച് കോംപ്ലക്സിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനം മാർത്തോമ്മാ സഭയുടെ അമേരിക്ക-യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലെക്സിനോസ് നിർവ്വഹിച്ചു. ഇടവക വികാരി ഫാ. പി. ഓ മത്തായി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ അസോ. വികാരി ഫാ. ബിജോയ് വർഗീസ്, റവ. കെ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക ട്രസ്റ്റി ബിജു പരുമല, കോ ട്രസ്റ്റി ജാബ്‌സൺ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ കൺവീനർ ജോൺ തോമസ് വടക്കേടം, ജോയിന്റ് ജനറൽ കൺവീനർ അനു ജോണി, ഇടവക ഭരണ സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7