മസ്‌ക്കറ്റ് : മനുഷ്യ സ്നേഹത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും സന്ദേശം വിളിച്ചോതിയ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ 11-മത് ഓർമ്മപ്പെരുന്നാളും അനുസ്മരണ സമ്മേളനവും മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയിൽ 04/ 11/ 2018 വൈകിട്ട് സൈന്റ്റ്. തോമസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് തൃശ്ശൂർ ഭദ്രാസന മെത്രപ്പൊലീത്ത അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിന് ഇടവക വികാരി റവ. ഫാ. പി. ഓ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റീ ശ്രീ. ബിജു പരുമല സ്വാഗതം അർപ്പിച്ചു. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജീവിതത്തിലൂടെ നമുക്ക് പകർന്നു കിട്ടിയിട്ടുള്ള ക്രിസ്‌തീയത നമ്മുടെ ജീവിതത്തിലും സഭാ പ്രവർത്തനത്തിലും പ്രാവർത്തികം ആക്കുവാൻ നമുക്ക് കഴിയട്ടെ എന്ന് അനുസ്മരണ സന്ദേശത്തിൽ അഭി. മിലിത്തിയോസ് തിരുമേനി ആശംസിക്കുകയുണ്ടായി. റവ. ഫാ. പ്രൊഫ. കുര്യൻ ദാനിയേൽ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ബോബൻ മാത്യു തോമസ് എന്നിവർ അനുസ്മര സന്ദേശം നൽകി. അസ്സോ. വികാരി റവ. ഫാ. ബിജോയ് വർഗീസ്, കോ-ട്രസ്റ്റീ ശ്രീ. ജാബ്‌സൺ വർഗീസ് എന്നിവർ സന്നിഹിതർ ആയിരുന്നു.