മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ കാവൽപിതാവായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപതിനാറാം ഓർമ്മപെരുന്നാളിന് കൊടിയേറി. നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയുടെ തൃശ്ശൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ഡോ. കുര്യൻ ഡാനിയേൽ, ഇടവക വികാരി ഫാ. പി. ഓ. മത്തായി, അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ് എന്നിവർ സഹ കാർമ്മികത്വം വഹിക്കും.
പെരുന്നാൾ ആചരണത്തോടനുബന്ധിച്ച് വചന ശുശ്രൂഷ, ഭക്തിനിർഭരമായ റാസ, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, നേർച്ച വിളമ്പ്, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തും.
വചന ശുശ്രൂഷയ്ക്ക് ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഫാ. ഡോ. കുര്യൻ ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.
നവംബർ രണ്ടിന് നാല്പത്തിയാറാമത് ഇടവക ദിനാചരണം, ഫെറ്റ് ആൻഡ് സെയിൽ, ആദ്യ ഫലലേലം, ഗാന ശുശ്രൂഷ, വിവിധ കലാപരിപാടികൾ എന്നിവ നടത്തും. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. നവംബർ നാലിന് ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസിന്റെ പതിനൊന്നാമത് ഓർമ്മയും അനുസ്മരണവും നടത്തും.