PARISH NEWS
മസ്കറ്റ് മഹാ ഇടവകയിൽ 'സാന്ത്വനം' ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി

മസ്കറ്റ് : "ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്യുന്നതൊക്കെയും എനിക്കുള്ളതാകുന്നു" എന്ന ക്രിസ്തുവചനം അന്വർത്ഥമാക്കികൊണ്ട് അശരണരെയും അഗതികളെയും കരുതുവാനും സമസൃഷ്ടികളോട് താദാത്മ്യപ്പെടുവാനും വേദനിക്കുന്ന മനസ്സിന് സാന്ത്വനമേകുന്നതിനും മസ്കറ്റ് മഹാ ഇടവക നടത്തിവരുന്ന ജീവകാരുണ്യ സഹായങ്ങൾ ഒരു കുടക്കീഴിൽ ക്രോഡീകരിച്ചുകൊണ്ട് ഈ വർഷം മുതൽ ആവിഷ്ക്കരിക്കുന്ന 'സാന്ത്വനം' ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി.

റൂവി സെന്റ്. തോമസ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബ്ബാനാനന്തരം ഇടവകയിലെ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മലങ്കര സഭയിലെ ധ്യാനഗുരുവും വചന പ്രഭാഷകനുമായ വെരി. റവ. ബെസലേൽ റമ്പാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മസ്കറ്റ് മഹാ ഇടവക നടത്തുന്ന നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസമേകുന്നതിനു സാധ്യമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സഭയുടെ ബ്രഹ്മവാർ ഭദ്രാസനത്തിലെ കൊങ്കിണി വിഭാഗത്തിലെ അംഗവും മസ്കറ്റ് മഹാ ഇടവകാംഗവുമായ തോമസ്‌ ഡാനിയേല്‍ ലൂയിസില്‍ നിന്ന്‍ പദ്ധതിക്കുള്ള ആദ്യ സംഭാവന സ്വീകരിച്ചു. ഒരു നൂറ്റാണ്ടിനു മുന്‍പ് തങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകുകയും ഇന്ന്‍ ആ തലമുറയില്‍പ്പെട്ട എണ്ണൂറോളം കുടുംബങ്ങള്‍ ഈ സഭയില്‍ ഇന്ന്‍ അംഗങ്ങളായുള്ളതും വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതവും ശ്രേഷ്ഠമായ ആരാധനയും പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര സഭയിൽ അംഗമായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇടവക ആരംഭിക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം അർബുദ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന ഇടവകയുടെ പ്രധാന ജീവകാരുണ്യ പദ്ധതിയായ തണൽ പദ്ധതിക്കൊപ്പം സാന്ത്വനം പദ്ധതിയിലൂടെ നിർദ്ധനരായവർക്ക് ചികിത്സ, ഭവന പുനരുദ്ധാരണവും, നിർമ്മാണവും, വിദ്യാഭാസം, സ്വയം തൊഴിൽ കണ്ടെത്തൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികൾക്ക് വിവാഹ സഹായം, വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സഹായം, ദേവാലയ നിർമ്മാണം, തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ഇടവക വികാരി ഫാ. പി. ഓ മത്തായി പറഞ്ഞു.

സാന്ത്വനം പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. ഇടവകാംഗവും ഭരണസമിതി അംഗവുമായ ബെൻസൺ സ്കറിയ ആണ് ലോഗോ ഡിസൈൻ ചെയ്തത്. ചടങ്ങിൽ അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ്, ഫാ. തോമസ് രാജു, ഇടവക ട്രസ്റ്റി ബിജു പരുമല, കോ-ട്രസ്റ്റി ജാബ്‌സൺ വർഗീസ്, സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റിൽ, സാന്ത്വനം പദ്ധതിയുടെ കൺവീനർ ബിജു ജോർജ് എന്നിവർ സംബന്ധിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7