ബാംഗ്ലൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മിഷൻ ബോർഡിന്റെ കീഴിൽ ബാംഗ്ലൂരിലെ കുനിഗലിൽ പ്രവർത്തിക്കുന്ന സെന്റ്. ഗ്രീഗോറിയോസ് ദയാഭാവന്റെ പ്രവർത്തങ്ങൾക്കായി മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ധനസഹായം കൈമാറി.
എച്ച്. ഐ. വി ബാധിതരെ പരിചരിക്കുന്നതിനായി ദയാഭവന്റെ നേതൃത്വത്തിൽ തുംകൂറിൽ പ്രവർത്തിക്കുന്ന ദയാസ്പർശ ആശുപത്രിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ദയാഭാവൻ സെക്രട്ടറി ഫാ. ജിനേഷ് വർക്കി മസ്കറ്റ് ഇടവക ട്രസ്റ്റിയിൽ നിന്നും നാല് ലക്ഷം രൂപയുടെ സഹായധനം സ്വീകരിക്കുകയും ആശുപത്രിയുടെ ഒന്നാം നിലയിലെ എച്ച്. ഐ. വി.- ടി. ബി പരിചരണ ബ്ലോക്കിന്റെ ഒരു വിഭാഗം ഇടവകയുടെ പേരിൽ സമർപ്പിക്കപ്പെടുകയും ചെയ്തു.
സമൂഹം തിരസ്കരിക്കുന്നവരെ കരുതുന്നതിനും സഹായിക്കുന്നതിനും മസ്കറ്റ് ഇടവക നൽകുന്ന കൈത്താങ്ങ് ദൈവസന്നിധിയിൽ ഏറെ വിലപ്പെട്ടതാണെന്നും കഴിഞ്ഞ വർഷം ഇടവകയുടെ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തണൽ അവാർഡ് ലഭിച്ചതും ഫാ. ജിനേഷ് വർക്കി അനുസ്മരിച്ചു. ചടങ്ങിൽ മലങ്കര കത്തോലിക്കാ തുംകൂർ ഇടവക വികാരി ഫാ. ജോയ്സൺ, ജർമനിയിലെ എൻ ജി ഓ സന്നദ്ധ പ്രവർത്തകൻ ഡാനിയേൽ, മസ്കറ്റ് ഇടവക ട്രസ്റ്റി ബിജു പരുമല, കോർഡിനേറ്റർ രമേഷ്, ആശുപത്രി അധികൃതർ എന്നിവർ സംസാരിച്ചു. ആശുപത്രി അന്തേവാസികൾ, എം. എസ്. ഡബ്ള്യു. വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മലങ്കര സഭാ രത്നം അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി 2003-ലാണ് ദയാഭവൻ ആരംഭിക്കുന്നത്. എച്ച്. ഐ. വി ബാധിതരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച ഇവിടെ ഇപ്പോൾ എൺപതോളം കുഞ്ഞുങ്ങളാണുള്ളത്. രോഗം ബാധിച്ച മുപ്പത്തഞ്ചോളം അന്തേവാസികളെയാണ് ദയാസ്പര്‍ശ ആശുപത്രിയില്‍ പരിചരിക്കുന്നത്. ഏതെങ്കിലും കാരണങ്ങൾകൊണ്ട് ഇത്തരം മാറാരോഗങ്ങൾക്കടിമകളാകുന്നവരും ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധ്യവും സമൂഹം തിരസ്കരിക്കുന്നവരെ സ്വന്തം ഹൃദയത്തോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ച ക്രിസ്തുവിന്റെ വലിയ ദർശനവും ഉൽകൃഷ്ടമായ മാനവ സ്നേഹത്തിന്റെ പ്രതിഫലനവുമാണ് ഇവിടെ കാണുവാൻ കഴിയുന്നത്.
ബിരുദാനന്തര കോഴ്‌സുകൾക്കായി ഒരു കോളേജും ദയാകിരൺ എന്ന പേരിൽ മറ്റൊരു ആശുപത്രിയും അഡോപ്‌ഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.