പരുമല : മലങ്കര സഭയുടെ സ്വപ്ന പദ്ധതിയായ സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിലെ എക്സിക്യൂട്ടീവ് ഡയാലിസിസ് ബ്ലോക്കിൽ മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സ്പോൺസർ ചെയ്ത ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനവും, സമർപ്പണവും, ഇടവകയുടെ നാമം ആലേഖനം ചെയ്ത ഫലകത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു. സഭയുടെ അഹമ്മദാബാദ് ഭദ്രാസനധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായാണ് എക്സിക്യൂട്ടീവ് ബ്ലോക്കിന്റെ സമർപ്പണവും ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചത്.
തുടർന്ന് നടന്ന സമ്മേളനത്തിൽ പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യ പ്രഭാഷണം നടത്തി. ഇടവക രൂപീകൃതമായി 46 വർഷം പിന്നിടുമ്പോൾ വിശ്വാസ സമൂഹത്തെ ആത്മീയ പന്ഥാവിൽ നയിക്കുന്നതിനൊപ്പം ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്‌ളാഘനീയവും മാതൃകാപരമാണെന്നും തിരുമേനി അനുസ്മരിച്ചു. സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി സി. ഇ. ഓ. ഫാ. എം. സി പൗലോസ്, ഫിനാൻസ് ഡയറക്ടർ ഫാ. ഷാജി എം. ബേബി, മസ്കറ്റ് ഇടവക ട്രസ്റ്റി ബിജു പരുമല എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഡയാലിസിസ് യൂണിറ്റുകൾക്കായുള്ള ഇടവകയുടെ ധനസഹായം അഭി. യൂലിയോസ് തിരുമേനി ഫാ. എം. സി. പൗലോസിന് കൈമാറി. ആശുപത്രി കൗൺസിൽ അംഗങ്ങൾ, പ്രതിനിധികൾ തുടങ്ങിയർ സന്നിഹിതാരിയിരുന്നു
.
കാൻസർ സെന്റർ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മസ്‌ക്കറ്റ് മഹാ ഇടവക സാമ്പത്തിക പങ്കാളിത്തം നൽകിയിട്ടുണ്ട്. നേരത്തെ ഓ. പി ബ്ലോക്കിന്റെ നിർമ്മാണത്തിനും, ഒരു ചതുരശ്ര അടി പദ്ധതിക്കും ഇപ്പോൾ മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ അടങ്ങുന്ന എക്സ്ക്യൂട്ടീവ് ബ്ലോക്കിനുമായും, കൂടാതെ ഇടവകാംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നുമായി, വലിയ തോതിലുള്ള സാമ്പത്തിക പങ്കാളിത്തമാണ് നൽകുവാൻ സാധിച്ചിട്ടുള്ളത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പദ്ധതികൾക്കും മുൻതൂക്കും നൽകി പ്രവർത്തിക്കുന്ന മസ്‌ക്കറ്റ് മഹായിടവകയുടെ ചരിത്ര പഥങ്ങളിലെ ശ്രദ്ധേയമായ പദ്ധതികളാണ് മലങ്കര സഭയുടെ ആതുരസേവന രംഗത്തെ ബൃഹത് സംരംഭമായ പരുമല കാൻസർ സെന്ററിൽ നടത്തിട്ടുള്ളത്.