FLASHNEWS
PARISH NEWS
വിജ്ഞാനവും വിസ്മയവും സമന്വയിച്ച " നുഹറോ-2018" കുടുംബ സംഗമം

മസ്കത്ത്: വിജ്ഞാനവും വിസ്മയങ്ങളും വിനോദവും സമന്വയിച്ച "നുഹറോ-2018" കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവമായി. മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിനങ്ങളിലായി റൂവി സെന്റ്. തോമസ് പള്ളിയിൽ നടന്ന കുടുംബ സംഗമം പ്രശസ്ത മജീഷ്യനും കോൺഫെറെൻസിന്റെ മുഖ്യ പ്രഭാഷകനുമായിരുന്ന പ്രൊഫ . ഗോപിനാഥ് മുതുകാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ പി. ഓ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോ. വികാരി റവ. ഫാ ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല, സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. ഇടവക കോ-ട്രസ്റ്റി ജാബ്സൺ വർഗീസ്, സെക്രട്ടറി ബിനു ജോസഫ് കുഞ്ചാറ്റിൽ, അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ്, കൺവീനർമാരായ അജി പി. റ്റി, ലാലി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് പ്രചോദത്മക ചിന്തകളും കഥകളും കവിതകളും വിസ്മയത്തിന്റെ അലകൾ സൃഷ്ടിച്ച ഇന്ദ്രജാല പ്രകടങ്ങളും സമന്വയിപ്പിച്ചുകൊണ്ട് നിറഞ്ഞ സദസ്സിൽ പ്രൊഫ. ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച എംക്യൂബ് (മോൾഡിംഗ് മൈൻഡ് മാജിക്കലി) എന്ന പരിപാടി നിലയ്ക്കാത്ത കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. വാച്ച് യുവർ വാച്ച് എന്നതിന്റെ നിര്‍വ്വചനമായി സൃഷ്ടിപരമായ വാക്കുകള്‍, ഗഹനമായ ശ്രദ്ധ, ഉയര്‍ന്ന ചിന്തകള്‍, പ്രതിസന്ധികളില്‍ പതറാത്ത ആത്മവിശ്വാസം, പരാജയങ്ങളെ അതിജീവിക്കുവാന്‍ കഠിനാധ്വാനം എന്നീ ഗുണങ്ങള്‍ വ്യത്യസ്‌തമാർന്ന അവതരണ ശൈലികൊണ്ടും പ്രഭാഷണ ചാരുതകൊണ്ടും കാഴ്ചകള്‍ കൊണ്ടും സംഗമത്തില്‍ പങ്കെടുത്തവരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിയുകയായിരുന്നു.

രണ്ടാം ദിനം കേരളത്തിന്റെ മുന്‍ ഡി. ജി. പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് "ക്രിസ്തീയ കുടുംബം" എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കി. ആധുനികതയുടെ അതിപ്രസരവും ശാസ്ത്ര സാങ്കേതിക രംഗത്തെ ഭ്രമാത്മകമായ മാറ്റങ്ങളും പുത്തന്‍ തലമുറയെ ഇന്ന്‍ ഏറെ സ്വാധീനിക്കുന്നു. ആത്മീയതയിലും മൂല്യങ്ങളിലും അധിഷ്ടിതമായ ജീവിതം നയിക്കുവാനും നന്മ തിന്മകളെ തിരിച്ചറിയുവാനുള്ള വിവേകവും മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രത്യേക ചര്‍ച്ച, ചോദ്യോത്തര പരിപാടി, ഇരുവരും നയിച്ച കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമായുള്ള പ്രത്യേകം ക്ലാസ്സും ചോദ്യോത്തര പരിപാടിയും, കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ക്ലാസ്സും കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപനസമ്മേളനത്തിൽ വിഷിഷ്ടാതിഥികള്‍ക്ക് ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. കൺവീനർ അജി പി . റ്റി കൃതഞ്ജത അര്‍പ്പിച്ചു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7