മസ്കത്ത്: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. തണൽ ജീവകാരുണ്യ പദ്ധതിയിൽ ബെത്ഹൂബോ (സ്നേഹഭവനം) എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നിർദ്ധനരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കയെന്നതാണ് ലക്ഷ്യമിടുന്നത്.. അപേക്ഷകന്‍റെ പേരില്‍ കുറഞ്ഞത് മൂന്ന് സെന്റ് വസ്തുവെങ്കിലും ഉണ്ടായിരിക്കണം. താഴ്ന്ന വരുമാനമുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. തണല്‍ സമിതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷകര്‍ക്ക് 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കുക. ധന സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം വസ്തുവുന്റെ വിവരങ്ങള്‍, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2025 സെപ്റ്റംബർ 15 ന് മുൻപായി “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിൽ ലഭിക്കണം.
പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍ വിശുദ്ധ കുർബ്ബാനാനക്ക് ശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. തോമസ് ജോസ് നിര്‍വ്വഹിച്ചു. ചടങ്ങിൽ സഭാ മാനേജിംഗ് കമ്മറ്റി അംഗവും സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്‍ നിന്ന് ഒരു വീട് നിർമ്മിക്കുന്നതിനുള്ള ആദ്യ തുക സ്വീകരിച്ചു. ഇടവക അസ്സോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി മെമ്പർ അഡ്വ.എബ്രഹാം മാത്യു, ഇടവക ട്രസ്റ്റീ ശ്രീ.ജോൺ പി ലുക്ക്, കണ്‍വീനര്‍ നെബി തോമസ് എന്നിവര്‍ സംസാരിച്ചു. കോ-ട്രസ്റ്റി അജുതോമസ്, സെക്രട്ടറി ഡോ. കുര്യൻ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 19 വർഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്. ഇടവകയുടെ സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലൂടെ ചികിത്സാ, വിവാഹം, വിദ്യാഭാസം, സ്വയം തൊഴിൽ സഹായ പദ്ധതി തുടങ്ങിയവയ്ക്കുള്ള ധനസഹായവും നൽകി വരുന്നു.