മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക യുവജനപ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടു യുവജനസംഗമം 2019 നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സംഗമത്തിൽ ഇടവകാരിയും പ്രസ്‌ഥാനം പ്രസിഡന്റുമായ റവ. ഫാ. പി. ഓ മത്തായി അധ്യക്ഷത വഹിച്ചു. "ക്രിസ്തുവിനെ നോക്കുക" എന്ന ചിന്താവിഷയം ആധാരമായി നടന്ന ക്ലാസ്സിന് ഗാല ഹോളി സ്പിരിറ്റ് കാത്തോലിക് ചർച്ച് വികാരി റവ. ഫാ. ജോർജ്ജ് വടക്കൂട്ട് നേതൃത്വം നൽകി. മലങ്കര സഭയുടെ മിഷൻ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പോൾസ് ബാലഗ്രാമം, ഇറ്റാർസി മാനേജരും ഇടവകയുടെ മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ജേതാവുമായ റവ. ഫാ. സുദാ പോൾ റമ്പാച്ചൻ അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും പ്രവർത്തന മേഖലകളെയും കുറിച്ച് സദസ്സുമായി പങ്കുവച്ചു. സഭക്കും സമൂഹത്തിനും നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് അദ്ദേഹം പ്രസ്‌ഥാനത്തിനറെ സ്‌നേഹാദരവുകൾ ഏറ്റുവാങ്ങുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോൿസ് യുവജനപ്രസ്‌ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ കല്പനയാൽ യുവജനപ്രസ്‌ഥാനത്തിന്റെ ഒമാൻ സോണൽ പ്രസിഡന്റ് ആയി നിയമിതനായ റവ. ഫാ. തോമസ് ജോസിനും കോഓഡിനേറ്റർ ആയി നിയമിതനായ ബിജു ജോണിനും പ്രസ്‌ഥാനത്തിന്റെ അനുമോദനങ്ങൾ രേഖപ്പെടുത്തി. ഒമാൻ സോണൽ പ്രവർത്തനങ്ങൾക്ക് മസ്‌ക്കറ്റ് യുവജന പ്രസ്‌ഥാനത്തിന്റെ എല്ലാവിധ ആശംസകളും നേർന്നു. പ്രസ്‌ഥാനം വൈസ് പ്രസിഡന്റ് ബിജു ജോൺ സ്വാഗതം അർപ്പിച്ച ചടങ്ങിന് ഇടവക അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ്, റവ. ഫാ. ഫിലിപ്പോസ് അബ്രഹാം, ഇടവക സെക്രട്ടറി ബിനു ജോസഫ് കുഞ്ഞാറ്റിൽ, ട്രസ്റ്റീ ബിജു പരുമല എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു, യുവജന പ്രസ്‌ഥാനം സെക്രട്ടറി നെബി തോമസ് പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്രസ്‌ഥാനം ജോയിന്റ് സെക്രട്ടറി സിജോ പി ജോൺ, ട്രഷറർ ബിപിൻ ബാബു വർഗീസ്, പ്രോഗ്രാം കൺവീനർ അജി പി റ്റി എന്നിവർ നേതൃത്വം നൽകി.