FLASHNEWS
PARISH NEWS
കാരുണ്യത്തിന്റെ നീരുറവ: ക്യാൻസർ ചികിത്സാ സഹായ പദ്ധതിയുമായി വീണ്ടും മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക

മസ്‌ക്കറ്റ്: നിർദ്ധനരായ അർബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രംഗത്ത്. ഇടവകയുടെ ‘തണൽ’ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക ശേഷിയില്ലാത്ത അർബുദ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നൽകും. കൂടാതെ പദ്ധതിയുടെ ഭാഗമായി കേരളത്തിലും ഒമാനിലുമായി ബോധവത്ക്കരണ പരിപാടികള്‍, കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപുകള്‍, സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴിയുള്ള ചികിത്സാ സഹായം എന്നിവയും നടത്തും.

റുവി സെന്റ്‌. തോമസ്‌ പള്ളിയില്‍ ജൂൺ 22, വെള്ളിയാഴ്ച്ച വി. കുർബ്ബാനാനന്തരം നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം പി. എം. ജാബിര്‍ നിര്‍വ്വഹിച്ചു. ഇടവകയുടെ അസോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ട്രസ്റ്റി ജോസഫ് വര്‍ഗീസ്‌ (ബിജു പരുമല), തണൽ പദ്ധതി ജനറൽ കൺവീനർ ശ്രീ. ബെൻസൺ സക്കറിയ എന്നിവര്‍ സംസാരിച്ചു. അർബുദ ബാധിതരായ നിർദ്ധനരായ രോഗികൾക്ക് ഇന്ന് ചികിത്സാ ചിലവ് താങ്ങാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് ഇടവക ഈ വർഷവും ഇത്തരത്തിലൊരു ഉദ്യമം ഏറ്റെടുത്തതെന്നും കഴിഞ്ഞ 12 വർഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ വിവാഹം, ഭവനനിർമ്മാണം, ഹൃദയ ശസ്ത്രക്രിയ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ധനസഹായം നൽകിയതായും ഫാ. ബിജോയ് വർഗ്ഗീസ് പറഞ്ഞു.

സഭാ മാനേജിംഗ് കമ്മറ്റി അംഗവും സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്‍ നിന്നു ചികിത്സാ സഹായ പദ്ധതിയിലേക്കുള്ള ആദ്യ തുക സ്വീകരിച്ചു. ഇടവക സെക്രട്ടറി ബിനു കുഞ്ചാറ്റില്‍, കോ ട്രസ്റ്റി ജാബ്സന്‍ വര്‍ഗീസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ വര്‍ഷത്തെ തണല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം വൈദ്യ പരിശോധനാ റിപ്പോർട്ട്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2018 നവംബർ 30 ന് മുൻപായി “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിൽ ലഭിക്കണം.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7