മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹായിടവകയുടെ സണ്ടേസ്‌കൂളിന്റെ മുപ്പത്തേഴാമത് വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം മുൻ മന്ത്രിയും പാർലമെന്റ് അംഗവുമായ എൻ. കെ. പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു. ധാർമ്മിക മൂല്യങ്ങളുള്ള തലമുറയെ വാർത്തെടുക്കുവാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യമാണെന്നും സെക്യുലർ വിദ്യാഭ്യാസത്തിലൂടെ ഭൗതികമായ അറിവുകൾ നാം സ്വായത്തമാക്കുന്നു. അതോടൊപ്പം ദൈവീക ബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും ധാർമ്മികവും സനാതനവുമായ മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും ആത്മീയ വിദ്യാഭ്യാസം സഹായിക്കും. ഇത് തെറ്റുകളിൽ നിന്നും അധർമ്മത്തിൽനിന്നും വിട്ടുനിൽക്കുവാൻ നമ്മെ പ്രേരിപ്പിക്കും, കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ കാരുണ്യവും സ്നേഹവും നല്ല ദർശനങ്ങളും കാഴ്ചപ്പാടുകളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മഹാ ഇടവകയിൽ നിന്നും ആരംഭിച്ച കുട്ടികളുടെ വർണ്ണാഭമായ റാലിയോടെയാണ് വാർഷികാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സെന്റ്. തോമസ് ദേവാലയത്തിൽ നടന്ന സമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. പി. ഓ. മത്തായി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സാറാ റോയ് കഴിഞ്ഞ അദ്ധ്യയന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്ര ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൾ റെജി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. അസ്സോസിയേറ്റ് വികാരി റവ. ഫാ. ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല, കോ - ട്രസ്റ്റി ജാബ്സൺ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ്, മുൻ ഹെഡ്മിസ്ട്രസ് മോളി ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി സാം ഫിലിപ്പ്, രക്ഷാകർതൃ പ്രധിനിധി ഷിബു ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകയുടെ സ്നേഹോപഹാരം വൈദികരും ഇടവക പ്രതിനിധികളും ചേർന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി ക്ക് സമർപ്പിച്ചു. ജനറൽ കൺവീനർ ബിനു ജോൺ സ്വാഗതവും സുഷാ റോബി മാത്യു നന്ദിയും അർപ്പിച്ചു.
ചടങ്ങിൽ അക്കാദമിക് തലത്തിലും കലാമത്സരങ്ങളിലും വിജയികളായവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.