മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ജീവകാരുണ്യ പദ്ധതിയായ "തണൽ - കാരുണ്യത്തിന്റെ നീരുറവ" യുടെ സമാപനവും മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ദാനവും മാർച്ച് 22 രാവിലെ സെന്റ്. തോമസ് ദേവാലയത്തിൽ വച്ച് നടക്കും. വിശുദ്ധ കുർബാനക്ക് ശേഷം നടക്കുന്ന പ്രദ്ധ്യേക ചടങ്ങിൽ വെച്ച് ഈ വർഷത്തെ മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്ക്കാരം മലങ്കര സഭയുടെ മിഷൻ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇറ്റാർസി ബാലഗ്രാമിന്റെ മാനേജരായി ചുമതല വഹിക്കുന്ന റവ. ഫാ. സുദാ പോൾ റമ്പാച്ചന് നൽകി ആദരിക്കും. മഹായിടവക ഈ വർഷം തണൽ പദ്ധതിയിലൂടെ ക്യാൻസർ ബാധിതരായ 75 ഓളം അപേക്ഷകർക്ക് ധന സഹായം നൽകുവാനും; കൂടാതെ കേരളത്തിലെ വിവിധ സ്‌ഥലങ്ങളിൽ പരിശുദ്ധ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന 4 പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റുകൾക്കും ധനസഹായം നൽകുകയുണ്ടായി. തണൽ ജീവകാരുണ്യ പദ്ധതിയിൽ കാൻസർ ചികിത്സ സഹായം, ഹൃദയ ശസ്ത്രക്രിയ പദ്ധതി, വിവാഹ ധന സഹായം, ഭവന നിർമ്മാണം, വൃക്ക രോഗികൾക്കുള്ള സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികൾ ആണ് കഴിഞ്ഞ പതിമൂന്ന് വർഷക്കാലമായി നടത്തിവരുന്നത്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്കിട്ടുള്ളത്.