മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന മോട്ടിവേഷണൽ ആൻഡ് അവേർനെസ്സ് സെമിനാറിന്റെ ഉദ്ഘാടനം മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. തോമസ് മാർ തീമോത്തിയോസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.
മസ്കറ്റ്: കഠിനാധ്വാനവും നിശ്ചയദാർഡ്യവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും ജീവിതത്തിൽ വിജയം കൈവരിക്കാനാകുമെന്ന തത്വം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി നേട്ടങ്ങൾ കൊയ്ത ഒരു പറ്റം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത മോട്ടിവേഷണൽ സെമിനാർ പുതു തലമുറക്ക് നവ്യാനുഭവമായി.
മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോട്ടിവേഷണൽ ആൻഡ് അവേർനെസ് സെമിനാർ ‘മാസ്’ ആയിരുന്നു ഇതിന് വേദിയൊരുക്കിയത്.
വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്യുകയും വ്യക്തിമുദ്ര പതിപ്പിച്ചവരുമായ ഒമാനിലെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തിയ ചർച്ചയിൽ പ്രതിസന്ധികളെ ഉൾക്കരുത്തോടെ അതിജീവിച്ച തീക്ഷ്ണമായ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സിന് ആവേശം. പിന്നീട് ചോദ്യങ്ങളുടെ പെരുമഴ, ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർ പിന്നിട്ട വഴികളും ജീവിതാനുഭവങ്ങളും നർമ്മത്തിന്റെ അകമ്പടിയോടെ നൽകിയ കൃത്യമായ മറുപടിയും നേട്ടങ്ങൾ കൈവരുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യുമ്പോൾ അത് നമുക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും മറ്റുള്ളവർക്ക് കൂടി പങ്കുവെക്കപ്പെടെണ്ടതാണെന്നുമുള്ള സന്ദേശവും കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. നാം സ്വപ്‌നം കാണാൻ പഠിക്കണം, അത് ജീവിതത്തിൽ യാഥാർത്യമാക്കുന്നതിത്തിനുള്ള നിരന്തരമായ ശ്രമങ്ങളുണ്ടാകണമെന്ന സന്ദേശവും നൽകുകയുണ്ടായി.
പ്രമുഖ പ്ലാസ്റ്റിക് സർജനും ഖൌല ആശുപത്രി ഡയറക്ടറുമായിരുന്ന ഡോ. സി. തോമസ്, എം. ജി. എം ഗ്രൂപ്പ് ചെയർമാനും നാദാൻ ട്രേഡിങ് മാനേജിംഗ് ഡയറക്ടറുമായ ഗീവർഗീസ് യോഹന്നാൻ, അൽ അദ്രക് ട്രേഡിങ്ങ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് അലക്സാണ്ടർ, അൽ ഹാജിരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാം വർഗീസ്, മസ്സാകോ ട്രേഡിങ് മാനേജിംഗ് ഡയറക്ടർ കമ്മാണ്ടർ ഗീവർഗീസ് ജോൺ തരകൻ, മസ്കത്ത് നാഷണൽ ഹോൾഡിംഗ് കമ്പനി ഗ്രൂപ്പ് സി. ഇ. ഓ ഫിലിപ്പ് കെ. ഫിലിപ്പ്, സംരംഭകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ അഡ്വ. എബ്രഹാം മാത്യു, ഇന്ത്യൻ എംബസ്സി കമ്യൂണിറ്റി വെൽഫയർ ഉദ്യോഗസ്ഥ അന്നമ്മ ഉമ്മൻ, യുവ സംരംഭകൻ തോംസൺ വി. തോമസ് തുടങ്ങി വ്യവസായ, നിർമ്മാണ, ഔദ്യോഗിക, സാമൂഹിക രംഗത്തു നിന്നുള്ള പ്രമുഖരാണ് ചർച്ചയിൽ പങ്കെടുത്തത്.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളും സാമ്പത്തിക അച്ചടക്കവും, ഒമാനിലെ തൊഴിൽ നിയമങ്ങൾ, ആരോഗ്യ പരിപാലനത്തിന് ചിട്ടയായ ജീവിത ശൈലി, എങ്ങനെ ഒരു നല്ല സംരഭാകനാകാം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും നടന്നു.
റോയൽ ഒമാൻ ആശുപത്രിയിലെ കാർഡിയോതോറാസിസ് സർജൻ ഡോ. ജോൺ വല്യാട്ട്, ഇന്ത്യൻ എംബസ്സിയുടെ ഔദ്യോദിക അഭിഭാഷകൻ അഡ്വ. എം. കെ. പ്രസാദ്, പ്രമുഖ ബിസിനസ്സ് ഉപദേഷ്ഠാവും നോളജ് ഒമാൻ വൈസ് പ്രസിഡന്റുമായ ബേബി സാം സാമുവേൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പ്രമുഖ റേഡിയോ അവതാരകൻ റെജി മണ്ണേൽ അതിഥിയും അവതാരകനുമായിരുന്നു. സെമിനാറിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് ഇടവകയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ഇടവക വികാരി ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. തോമസ് മാർ തീമോത്തിയോസ് ഉദ്ഘാടനം നിർവ്വഹിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്, റവ. ജാക്സൺ ജോസഫ്, ഇടവക ട്രസ്റ്റി ജോൺ തോമസ്, കോ-ട്രസ്റ്റി വർഗീസ് പി. ഡേവിഡ്, സെക്രട്ടറി ജോൺ ലൂക്ക് എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർമാരായ ബിജു പരുമല, വി. കെ ജോസഫ്, ബിനു കുഞ്ചാറ്റിൽ എന്നിവർ നേതൃത്വം നൽകി.