FLASHNEWS
PARISH NEWS
തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും പുരസ്‌കാര ദാനവും മഹായിടവകയിൽ നടത്തപ്പെട്ടു.

മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ 2018 -2019 വർഷത്തെ തണൽ ജീവകാരുണ്യ പദ്ധതിയുടെ സമാപനവും മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാരദാനവും നടത്തപ്പെട്ടു. റൂവി സെന്റ്. തോമസ് ചർച്ചിൽ വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. പി. ഓ മത്തായി അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കൺവീനർ ബെൻസൺ സ്കറിയയും സാന്ത്വനം ജീവകാരുണ്യ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് കൺവീനർ ബിജു ജോർജ്ജും അവതരിപ്പിച്ചു.

തണൽ പദ്ധതിയിലൂടെ 75-ഓളം നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സാ സഹായമായും കേരളത്തിൽ കാൻസർ രോഗികളെ പരിചരിക്കുന്ന പരുമല, കണ്ടനാട്, പത്തനംതിട്ട, വാഴൂർ എന്നിവടങ്ങളിലെ നാല് പാലിയേറ്റിവ് കെയർ യൂണിറ്റുകൾക്കുള്ള ധനസഹായവും, സാന്ത്വനം പദ്ധതിയിൽ വിദ്യാഭാസം, ചികിത്സ, വിവാഹം, ഭവന നിർമ്മാണം, പ്രളയ ദുരിതാശ്വാസം തുടങ്ങിയവക്കായി നൂറ്റി അൻപതോളം പേർക്കുമാണ് സഹായം നൽകിയത്.

ചടങ്ങിൽ തണൽ ജീവകാരുണ്യ പദ്ധതിയുടെ ഈ വര്‍ഷത്തെ ഡോ. സ്തേഫാനോസ് മാർ തേവോദോസ്യോസ് തണൽ പുരസ്കാരം അട്ടപ്പാടി സെന്റ്. തോമസ് ആശ്രമത്തിന്റെ മുൻ മാനേജരും മധ്യപ്രദേശിലെ ഇറ്റാർസി ബാലഗ്രാമിന്റെ

ഇപ്പോഴത്തെ മാനേജരുമായ വെരി. റവ. സുധാ പോൾ റമ്പാച്ചന്, അവാർഡ് തുകയും ഫലകവും സമ്മാനിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി ബിനു കുഞ്ചാറ്റിൽ റമ്പാച്ചന്റെ പ്രവർത്തന മേഖലകളെക്കുറിച്ച് വിശദീകരിച്ചു. 1984 മുതൽ 30 വർഷക്കാലം അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലും 2014 മുതൽ ഇറ്റാർസിയിലെ ഗ്രാമങ്ങളിലും നടത്തിയ വിദ്യാഭാസ, പോഷകാഹാര, ചികിത്സയടക്കമുള്ള സാമൂഹിക ക്ഷേമപ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമർപ്പിതമായ ജീവതമാണ് റമ്പാച്ചന്റേതെന്ന് വികാരി ഫാ. പി. ഓ. മത്തായി അനുസ്മരിച്ചു. പുരസ്കാരം സ്വീകരിച്ച് കൊണ്ട് സുധാ പോൾ റമ്പാച്ചൻ മറുപടി പ്രസംഗം നടത്തി.

ചടങ്ങിൽ അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ് സ്വാഗതവും ഫാ. രെജു സഖറിയ, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ബിജു പരുമല നന്ദി രേഖപ്പെടുത്തി.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7