മസ്കറ്റ്: കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ് ഇന്ന്‍ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. പരസ്പര ധാരണകളും സ്നേഹവും വിശ്വാസവും ത്യാഗമനോഭാവവും ചർച്ചകളും കൂടിയാലോചനകളിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമീപനവും ഇന്ന് കുടുംബങ്ങളിലുണ്ടാകണമെന്ന് പ്രശസ്ത വാഗ്മിയും ഫാമിലി കൌൺസിലറും ധ്യാന ഗുരുവുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് വൃദ്ധസദനങ്ങൾ വർദ്ധിക്കുന്നു, പ്രായമായ മാതാപിതാക്കളെ കരുതുവാനും സ്നേഹിക്കുവാനും നമുക്ക് കഴിയണം. മക്കളുടെ സാമീപ്യം മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു. ഏറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് നമ്മെ വളര്‍ത്തി വലുതാക്കിയതും എന്നും നമ്മുടെ നന്മ മാത്രം കാണാന്‍ ആഗ്രഹിച്ചതുമായ മാതാപിതാക്കള്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ നല്‍കുവാന്‍ കഴിയാത്ത സ്നേഹം മരണാന്തരം നല്‍കിയിട്ട് പ്രയോജനമില്ല. പ്രാര്‍ത്ഥനയിലും വിശ്വാസത്തിലുമധിഷ്ടിതമായ കുടുംബങ്ങളാണ് നമുക്കുണ്ടാകേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യക്തി, കുടുംബ, സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. “കുടുംബ വിശുദ്ധീകരണവും, വിശ്വാസ വളർച്ചയും” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.
റുവി സെന്റ്. തോമസ് ചർച്ചിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന കുടുംബസംഗമം ഇടവക വികാരി ഫാ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. കുര്യാക്കോസ് വർഗീസ്, ഫാ. വർഗീസ് ജോർജ്, ഒമാൻ മാർത്തോമാ ഇടവക സഹവികാരി റവ. ജാക്സൺ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. എബ്രഹാം മാത്യു, ലാലി ജോര്‍ജ് എന്നിവര്‍ കോണ്‍ഫറന്‍സ് അവലോകനം നടത്തി. കുട്ടികൾക്കായി കാർട്ടൂൺ ക്ലാസ്സുകൾ, യോഗ പരിശീലനം എന്നിവയും ഒരുക്കിയിരുന്നു.
കുടുംബസംഗമത്തിന്റെ ഭാഗമായി ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള അമ്മമാരെ ആദരിച്ച് മാതൃവന്ദനവും നടത്തി. ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷനായ ചടങ്ങില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, മുതിര്‍ന്ന അംഗം ഗീവര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടികള്‍ക്ക് ട്രസ്റ്റി ജോൺ തോമസ്, കോ-ട്രസ്റ്റി വർഗീസ് പി. ഡേവിഡ്, ജോൺ പി. ലുക്ക്, കൺവീനർമാരായ സാം തോമസ്, അജു തോമസ് എന്നിവർ നേതൃത്വം നൽകി.